മണ്ണ്

| | 9 comments

എന്റെ ശൈശവം പിന്നിട്ട വഴികള്‍,
പിച്ച വച്ചു നടന്ന കളിമുറ്റം,
തെന്നി വീണ പിന്‍ വഴികള്‍,
ഓരോ വീഴ്ചയിലും നീയെന്നില്‍ പറ്റുമായിരുന്നു.
നിന്നിലേക്കുള്ള എന്റെ വീഴ്ച എന്നെ
നിന്നിലേക്കു അടുപ്പിക്കുകയായിരുന്നു.
നിന്റെ ഓരോ തരികളും എന്നില്‍ നിന്നും
അടര്‍ന്നു മാറാന്‍ വിസമ്മതിക്കുമായിരുന്നു .
എന്റെ യൌവ്വനത്തില്‍ നിന്നില്‍ ഞാന്‍
ആഴ്തിയ തൂമ്പയുടെ മുറിവായ.
നിന്നില്‍ ഉണ്ടാക്കിയ വേദന ഞാന്‍ അറിഞ്ഞതേയില്ല.
നിന്റെ മുറിവുകളില്‍ ഞാന്‍ നട്ട തൈകള്‍
അതിലൂടെ എന്റെ അധ്വാനത്തിന്റെ ഫലം നീ തന്നു.
പരിഭവങ്ങളില്ലാതെ .....


പിന്നീട് എപ്പോഴോ ഋതുക്കള്‍ മാറി വന്നു .
കനത്ത ചൂടില്‍ നീ വേവുന്നതും,
പേമാരിയില്‍ നനഞ്ഞു കുതിരുന്നതും,
ഉഷ്ണച്ചൂടില്‍ നീ പുളയുന്നതും,
പിന്നീടെപ്പോഴോ തണുത്തുറഞ്ഞ
രാത്രികളില്‍ നീ വിറകൊള്ളുന്നതും,
ഞാന്‍ അറിഞ്ഞു.
നീ മാറിയില്ലെങ്കിലും ഞാന്‍ മാറി.
വാര്‍ദ്ധക്യത്തിന്റെ അസഹനീയതയില്‍
ഞാന്‍ ചുമച്ചു തള്ളിയ കഫക്കെട്ട് നീ ഏറ്റുവാങ്ങി
പരിഭവങ്ങളില്ലാതെ .......


അന്ന്‍ ഞാന്‍ ഓര്‍ത്തില്ല എന്റെ ഒടുക്കം
നിന്നിലേക്കാണെന്ന്‍
ഇന്ന്‍ ദേഹി ദേഹത്തെ വേര്‍പിരിയുന്നു
നിനക്കും മരണത്തിന്റെ ഗന്ധം .
നിന്നിലലിയാന്‍ ...
ഞാനും നീയും ഒന്നാകാന്‍......
ഞാന്‍ നീയാകാന്‍ പോകുന്നു
നിന്നില്‍ ഞാനുണ്ടാക്കിയ മുറിവുകള്‍
നാളെ ഞാന്‍ ഏറ്റു വാങ്ങാന്‍ വിധിക്കുന്നു.