സത്യവും മിഥ്യയും

| | 5 comments

തന്റെ പ്രാരബ്ദങള്‍ എല്ലാം ഇറക്കി വച്ച അയാള്‍ ശിഷ്ട ജീവിതം വിശ്രമിക്കാന്‍ ഒരുങ്ങുകയാണ് ...താന്‍ വന്ന വഴികളിലൂടെ അയാള്‍ സഞ്ചരിക്കുകയാണ്.. പുറകോട്ട്..

വരൂ കൂട്ടുകാരെ നമുക്കും അയാളുടെ കൂടെ പോകാം.. പ്രകൃതിയിലേക്ക്... പ്രപഞ്ച സൃഷ്ടികളിലേക്ക്.... അതിന്റെ ഹരിതാഭയിലേക്ക്... മധുരിമയിലേക്ക്... മിത്തിലേക്ക്.... ഒടുവില്‍ ജീവിത സത്യത്തിലേക്ക്... നാം എന്ന യാഥാര്‍ത്യത്തിലേക്ക്....നമുക്ക് തിരിച്ചു വരാം


സത്യവും മിഥ്യയും


ദൂരെയാക്കാണുന്ന തേന്മാവിന്‍ ഛായയില്‍

ഒരു ചെറു കാറ്റേറ്റു നില്‍ക്കുവാന്‍ വെമ്പവേ,

ഏകാകിയായ് ഞാന്‍ സഞ്ചരിപ്പൂ, ഈ-

ജ്ജീവിത പ്പാതയില്‍ വേണ്ടുവോളം.

പക്ഷേ, വേണമിന്നെനിക്ക് വിശ്രമം,

ഓര്‍ത്തു ഞാനാത്തരുവിന്‍ ചാരത്തിരിക്കവേ.


ഒറ്റക്കിരുന്നു ഞാന്‍ സങ്കല്‍പ്പ ലോകത്തിന്‍,

മാസ്മര ജാലം തുറന്നു നോക്കീടവേ,

കണ്ടു ഞാന്‍ ശലഭങള്‍ പാറിപ്പറക്കുന്ന

പൂക്കളുതിര്‍ക്കുന്ന ഉദ്യാനമൊക്കയും.

കേട്ടുഞാന്‍ ആറിന്റെ മഞ്ജീര നാദവും

കിളികള്‍ തന്‍ ദിവ്യ സംഗീതവുമൊക്കെയും.


ദര്‍ശ്ശിച്ചെതെന്മനം ദൂരയാല്‍ കൊമ്പിലെ,

ഇലകള്‍ തന്‍ മര്‍മ്മര നാദവും ഈണവും.

കണ്ടുഞാന്‍ സ്വന്തമാം ലോകം പടുക്കുന്ന,

അണ്ണാറക്കണ്ണനും ആറ്റക്കിളികളും.

തത്തമ്മയും പിന്നെ തിത്തിരി പക്ഷിയും,

ആമോദമോടെ വസിക്കുന്ന കാഴ്ചയും.


തൂമലരിന്റെ മധുരം നുകരുവാന്‍,

മൂളിവരുന്നൊരാ നീലഭൃംഗങളും.

മലര്‍കോരിയെറിയുന്ന വൃന്ദാവനങളും,

ശാന്തമായ് നില്‍ക്കുന്ന നീലത്തടാകവും,

ഹിമകണം തൂവുന്ന ഇലകളും പൂക്കളും,

ഹരിതകം പേറുന്ന കുന്നിന്‍ പുറങളും.


സൈകത സാനുക്കള്‍ വെട്ടിത്തിളങുന്നു,

വെള്ളിമണലിന്റെ ശോഭയും കീര്‍ത്തിയും.

അങതാ കാണുന്നു നല്‍നീര്‍ കിണറും,

പണ്ടത്തെയാലിന്‍ മരവും തണര്‍കളും,

പണ്ടൊരു ചണ്ഡാല കന്യക ചെയ്തൊരു,

പുണ്യപ്രവര്‍ത്തിതന്‍ സ്മാരകം പോലവേ.


ഒക്കെഞാന്‍ ദര്‍ശ്ശിച്ചിതാ സ്വപ്ന ലോകത്തില്‍,

വേനല്‍ക്കിനാവിലെ കുളിര്‍മഴ പോലവേ.


പെട്ടെന്നു മായുന്നു സങ്കല്‍പ്പ ലോകവും,

ഞെട്ടിയെണീക്കുന്നു കണ്ണു തുറന്നു ഞാന്‍.

കണ്ടീലയവിടെ യുദ്യാനവും പിന്നെ,

കേട്ടീലയാറിന്റെ മഞ്ജീര നാദവും.


കണ്ടു ഞാന്‍ സൂര്യ പ്രഭയിലെ ശക്തിയില്‍,

വേവുന്ന മെയ്യും ഉരുകുന്ന ഹൃത്തിനേം.

കേട്ടു ഞാന്‍ വെട്ടിക്കൊലകള്‍ നടത്തുന്ന,

മര്‍ത്ത്യന്റെ ക്രൂരമാമട്ടഹാസങളും.

ഇന്നലെ ഒത്തൊരുമിച്ചു നടന്നവര്‍,

ഇന്നിതാ വെട്ടുന്നു വന്യോന്യമന്യോന്യം.


ചീറിപ്പറക്കുന്ന ശകടങളേറെയും,

പാഞു കയറുന്നു കാലന്റെ കൈകളില്‍.

കബന്ധമോ ലാസ്യമാടുമീ ഭൂമിയില്‍,

മര്‍ത്യ ജീവിതം മിഥ്യയായീടുന്നു.

പ്രപഞ്ചം താണ്ഡവമാടുന്നീ ഭൂമിയില്‍,

ധൂര്‍ത്തു പെരുകുന്നു ദുരുതങളേറുന്നു.


പെരുമഴ പെയ്യുന്നിതതിവേനല്‍ കൂടുന്നു,

ഉരുകുന്നു മര്‍ത്യനും ഒഴുകുന്നു മോഹവും.

നിറയുന്നു ഭൂമിയിലന്ധകാരങളും,

നിറയുന്നു കണ്ണുകള്‍ വേര്‍പാടിന്‍ വേദന.


വറ്റുന്നു ഒടുവില്‍ ചുടുകണ്ണു നീരും,

തപ്പുന്നു മര്‍ത്യന്‍ കൂരിരുട്ടില്‍.

ആദ്യത്തെ മര്‍ത്യന്‍ ചെയ്തൊരാപ്പാപങള്‍,

ആവര്‍ത്തിച്ചീടുന്നു ശാപങള്‍ ഏറുന്നു.